ബി. ആർ. സി. കുളക്കട

Subtitle

കുളക്കട

          കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ വെട്ടിക്കവല ബ്ളോക്കുപരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കുളക്കട. കുളത്തൂപ്പുഴ മലകളില്‍ നിന്നുത്ഭവിക്കുന്ന കല്ലടയാറ് ഈ പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയിലൂടെ ഒഴുകുന്നു. വടക്കുകിഴക്ക്, വടക്കുപടിഞ്ഞാറായി കല്ലടയാറ് ഈ പഞ്ചായത്തിനെ ചുറ്റിക്കിടക്കുകയാണ്. പവിത്രേശ്വരം പഞ്ചായത്തും നെടുവത്തൂര്‍ പഞ്ചായത്തുമാണ് കുളക്കട പഞ്ചായത്തിന്റെ മറ്റു അതിരുകള്‍. കുളക്കട പഞ്ചായത്തിന്റെ ആകെ വിസ്തൃതി 29.18 ചതുരശ്രകിലോമീറ്ററാണ്. എം.സി.റോഡിനേയും പുത്തൂര്‍-ശാസ്താംകോട്ട റോഡിനേയും സ്പര്‍ശിച്ചുകിടക്കുന്ന കുളക്കട പഞ്ചായത്ത് ചെറിയ കുന്നുകളും താഴ്വരകളും വിശാലമായ നെല്‍പ്പാടങ്ങളും നദീതടവുമൊക്കെ ചേര്‍ന്ന അതിമനോഹരമായ ഗ്രാമമാണ്. വേലുത്തമ്പിദളവ കുണ്ടറ വിളംബരത്തിനു ശേഷം പലായനം ചെയ്ത് മണ്ണടിയില്‍ എത്തിയത് ഈ പഞ്ചായത്തിലെ പെരുംകുളം മുതല്‍ തുരുത്തീലമ്പലം വഴിയാണെന്ന് ചരിത്രരേഖകളില്‍ കാണാം. കൊട്ടാരക്കര-മണ്ണടി റോഡ് വേലുത്തമ്പി ദളവാസ്മാരകമായി അറിയപ്പെടുന്നു. ആറ്റുവാശ്ശേരിജോത്സ്യന്മാര്‍ എന്ന് പ്രശസ്തിയാര്‍ജ്ജിച്ച കേരളത്തിലെ അറിയപ്പെടുന്ന സംസ്കൃതപണ്ഡിതന്മാരായ ജ്യോതിഷികള്‍ ഈ പഞ്ചായത്തിലെ ആറ്റുവാശ്ശേരി ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നവരായിരുന്നു. കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി ആര്‍.ശങ്കര്‍ പ്രാഥമികവിദ്യാഭ്യാസം നടത്തിയത് ഇവിടെയാണ്. 1953 ആഗസ്റ്റ് 15-നാണ് കുളക്കട പഞ്ചായത്ത് നിലവില്‍ വരുന്നത്. പഞ്ചായത്തിന്റെ പൊതുവായ ചരിവ് തെക്കുനിന്നും വടക്കോട്ടാണ്. എന്നാല്‍ തെക്കുനിന്നും പടിഞ്ഞാറോട്ടും ചരിവുളളതായി കാണാം. 1953 ആഗസ്റ്റ് 15-ന് പൂവറ്റൂര്‍ പടിഞ്ഞാറ് വില്ലേജ് ആഫീസ് സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തില്‍ പഞ്ചായത്തിന്റെ ഉദ്ഘാടനവും ആദ്യയോഗവും നടന്നു. ആദ്യപ്രസിഡന്റായി കെ.ബി.പണ്ഡാരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഈ പഞ്ചായത്തിന്റെ റവന്യുവില്ലേജുകള്‍ കുളക്കട പൂര്‍ണ്ണമായും, പുത്തൂര്‍, കലയപുരം എന്നിവ ഭാഗികമായും ഉള്‍പ്പെടുന്നു.


വിദ്യാഭ്യാസം

                   കുളക്കടയില്‍ ബ്രാഹ്മണര്‍ക്ക് ഓത്ത് പഠിക്കുവാന്‍ (വേദം ചൊല്ലി പഠിക്കുവാന്‍) വേണ്ടി നമ്പി മഠത്തിന്റെ അധീനതയില്‍ ഒരു ഓത്തുപളളിക്കൂടം ഉണ്ടായിരുന്നു. അതാണ് ബ്രാഹ്മണര്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന സ്പെഷ്യല്‍ ഇംഗ്ളീഷ് സ്ക്കൂളായിത്തീര്‍ന്നത്. അതിന് കിഴക്കുഭാഗത്തായി നാനാ ജാതിമതസ്ഥര്‍ക്ക് വേണ്ടി ഒരു മലയാളം സ്ക്കൂളും ഉണ്ടായിരുന്നു. പക്ഷേ ഇവിടെ അവര്‍ണര്‍ പഠിക്കാനെത്തുക പതിവില്ലായിരുന്നു. ഇതേ സമയത്ത് തന്നെയാണ് പുത്തൂര്‍ ആണ്‍ പളളിക്കൂടവും പെണ്‍പളളിക്കൂടവും നിലവില്‍ വന്നത്. സംസ്കൃത മുന്‍ഷിമാരുടെ ഒരു പാരമ്പര്യമായിരുന്നു. ഇവിടുത്തെ ഉന്നത വിദ്യാഭ്യാസരംഗത്തിന് അതുവരെ അവകാശപ്പെടാനുണ്ടായിരുന്നത്. ഇക്കാലത്ത് പൂവറ്റൂര്‍ കിഴക്ക് കേന്ദ്രീകരിച്ച് ഒരു സംസ്കൃത വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നു. വര്‍ണ്ണം നോക്കി വരമൊഴി നല്‍കുന്ന സംസ്കൃത പാരമ്പര്യത്തെ പിന്‍തളളിക്കൊണ്ട് ജാതിഭേദം കൂടാതെ എല്ലാവര്‍ക്കുമായി അവിടെ പ്രവേശനം നല്‍കിയിരുന്നു. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി പഞ്ചായത്തില്‍ വിദ്യാഭ്യാസം സാര്‍വ്വത്രികമായിത്തീര്‍ന്നു. അക്കാലത്താണ് ബ്രാഹ്മണര്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന കുളക്കട സ്പെഷ്യല്‍സ്ക്കൂള്‍ നാനാജാതി മതസ്ഥര്‍ക്കായി തുറന്നു കൊടുത്തത്. ഇതോടുകൂടി നിരവധി എല്‍. പി. സ്ക്കൂളുകളും യു.പി. സ്ക്കൂളുകളും പഞ്ചായത്തിലുണ്ടായി. 1951 ല്‍ കുളക്കട സ്ക്കൂള്‍ ഹൈസ്ക്കൂളായി പ്രവര്‍ത്തനവുമാരംഭിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കകം പുത്തൂര്‍ സ്ക്കൂളും ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 80 നോടടുത്താണ് വെണ്ടാര്‍ ഹൈസ്ക്കൂള്‍ നിലവില്‍ വരുന്നത്. ആ ദശകത്തില്‍ തന്നെ പൂവറ്റൂര്‍ യു.പി.എസ്. അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളാക്കി. കുളക്കട എച്ച്.എസ് നോടനുബന്ധിച്ച് വി.എച്ച്.എസ്.എസ്. ആരംഭിക്കുകയും അവിടെ ഒരു ബിഎഡ് സെന്റര്‍ തുടങ്ങുകയും ചെയ്തത് 90 കളിലാണ്. തുടര്‍ന്ന് വെണ്ടാര്‍ എച്ച്.എസ്.നോടു ചേര്‍ന്നും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ഥാപിക്കപ്പെട്ടു. പുത്തൂര്‍മുക്ക് കേന്ദ്രീകരിച്ച് ഹരിജനങ്ങള്‍ക്ക് കൈത്തൊഴില്‍ പരിശീലനത്തിനായി ഒരു ട്രെയിനിംഗ് സെന്റര്‍ ദശകങ്ങള്‍ക്ക് മുമ്പുതന്നെ ഈ പഞ്ചായത്തിലുണ്ടായിരുന്നു. ഇതാണ് തൊണ്ണൂറുകളില്‍ ഹരിജന്‍ വെല്‍ഫയര്‍ ഐ.റ്റി.സി. യായി ഉയര്‍ത്തപ്പെട്ടത്. ഇന്ന് കുളക്കട പഞ്ചായത്തില്‍ 12 എല്‍ പി. സ്കൂളുകളും 5 യു.പി.എസ്സുകളും 4 ഹൈസ്ക്കൂളുകളും ഉള്‍പ്പെടെ 21 സ്കൂളുകളുണ്ട്. ഇതിനു പുറമേ മൂന്നിലധികം പ്രീ-പ്രൈമറിസ്കൂളുകളും വി.എച്ച്.എസ്.എസും ഒരു ബിഎഡ് സെന്ററും, SSA BRC  യും ഒരു ഐ.റ്റി.സി.യും അനേകം അംഗന്‍വാടികളും നിരവധി ട്യൂട്ടോറിയല്‍ കോളേജുകളും ഇവിടുത്തെ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നു.


Website is Managed By  S. Syamkumar, CRC Co-Ordinator, BRC Kulakkada